കെസിബിസി പ്രോ ലൈഫ് മിനിസ്ട്രിയുടെ ഭാഗമായി നടത്തുന്ന ജീവൻ സംരക്ഷണ സന്ദേശയാത്രയ്ക്ക് ഇടുക്കി രൂപതയിൽ ഉജ്ജ്വല സ്വീകരണം നൽകി. ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിലാണ് സ്വീകരണ പരിപാടികൾ നടന്നത്. ഇടുക്കി രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ച യോഗം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജീവൻ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യതയാണെന്നും ജീവനെ ഹനിക്കുന്ന ഏത് നീക്കത്തെയും ഒരുമിച്ച് നിന്ന് ചെറുത് തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവന്റെ മൂല്യം പ്രഘോഷിച്ചുള്ള പ്രോലൈഫ് മിനിട്രിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്. ജീവൻ സംരക്ഷണത്തെക്കുറിച്ച് ഉദ്ബോധനങ്ങൾ നൽകിയുള്ള ഈ യാത്ര ആളുകൾ ജീവൻ സംരക്ഷണത്തെക്കുറിച്ചുള്ള ബോധ്യങ്ങൾ പകരും. ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ ജീവന്റെ മൂല്യം പ്രചരിപ്പിക്കുകയും ജീവസംരക്ഷണ സംസ്കാരം രൂപപ്പെടുത്തുകയും ചെയ്യണം എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ ആണ് ജാഥാ ക്യാപ്റ്റൻ. പ്രൊ ലൈഫ് പ്രവർത്തനങ്ങൾക്ക് വലിയ സംഭാവനകൾ നൽകിയ നാടാണ് ഇടുക്കി. ഇടുക്കിയുടെ പ്രഥമമെത്രാൻ മാർ മാത്യു ആനക്കുഴിക്കാട്ടിൽ വലിയ പ്രോലൈഫ് പ്രവർത്തകനും പ്രചാരകനായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. സ്പിരിച്ചൽ കോഡിനേറ്റർ സിസ്റ്റർ മേരി ജോർജ്,വൈസ് ക്യാപ്റ്റൻ മാർട്ടിൻ ന്യൂനസ് , ആൻ്റ്ണി പത്രോസ്, ജോയിൻ്റ് കോഡിനേറ്റർ ജോയ്സ് മുക്കുടം ,ജോർജ് എഫ് സേവ്യർ എന്നിവരാണ് മറ്റുള്ള ടീം അംഗങ്ങൾ. ഓഗസ്റ്റ് 10 ന് തൃശ്ശൂരിൽ ദേശിയ തലത്തിലുള്ള പ്രൊ ലൈഫ് മഹാ റാലിയും സമ്മേളനവും നടക്കും.
കുട്ടികളും മുതിർന്നവരും അടക്കം നൂറുകണക്കിന് ആളുകൾ സ്വീകരണ യോഗത്തിൽ പങ്കെടുത്തു. ഇടുക്കി രൂപത പ്രോലൈഫ് മിനിസ്ട്രിയുടെ ഡയറക്ടർ ഫാ. ജോസഫ് കൊല്ലകൊമ്പിൽ, എ കെ സി സി രൂപത പ്രസിഡന്റ് ശ്രീ ജോർജ് കോയിക്കൽ, ശ്രി സിജോ ഇലന്തൂർ, സി. സോഫിയ റോസ് സിഎംസി, സി.നിത്യ സിഎംസി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജീവൻ സന്ദേശം പകർന്നുകൊണ്ട് ശ്രീ ജോയ്സ് മുക്കുടം അവതരിപ്പിച്ച മാജിക് ഷോയും നടത്തപ്പെട്ടു.