ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച നാലാമത് ലോകവയോജന ദിനാചരണത്തിന് ഇടുക്കി രൂപതയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ഈശോയുടെ വല്യപ്പനും വല്യമ്മയുമായ വി. യോവാക്കീമിന്റെയും വി. അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ച് എല്ലാവർഷവും ജൂലൈ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ഈ വർഷം ജൂലൈ 28നാണ് ലോകവയോജന ദിനം. 2021 ലാണ് ഫ്രാൻസിസ് മാർപാപ്പ ഈ ദിനാചരണം ആരംഭിച്ചത്. പരാശ്രയത്വത്തിന്റെ പാതയിലൂടെ നീങ്ങുന്ന മുതിർന്നവരോട് പുലർത്തേണ്ട ആദരവും അംഗീകാരവും പുതുതലമുറയെ അറിയിക്കുവാനും തങ്ങൾ സ്നേഹിക്കപ്പെടുന്നവരാണ് എന്ന അനുഭവം പ്രായമായവർക്കായി പങ്കുവയ്ക്കുവാനും സാധിക്കണം എന്നതാണ് ഈ ദിനാചരണത്തിന്റെ അന്തസത്ത.
മാർപാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന മുത്തശ്ശി മുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോകവയോജന ദിനാചരണം ഇടുക്കി രൂപതയിൽ സവിശേഷമായി ആചരിക്കണമെന്ന് രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ആഹ്വാനം ചെയ്തു. വൃദ്ധർക്കും പ്രായമായ മാതാപിതാക്കൾക്കും ഹൃദ്യമായ അനുഭവമാകുന്ന വിധത്തിൽ ഈ ദിനം ആചരിക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആരോഗ്യമുള്ള കാലമത്രയും കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഠിനാധ്വാനം ചെയ്ത മാതാപിതാക്കളെ പ്രായമാകുമ്പോൾ വലിയ കടപ്പാടോടുകൂടി സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പുതിയ തലമുറയെ ഓർമ്മിപ്പിക്കുക, വാർദ്ധക്യത്തിൽ എത്തിയവർ ആരും തനിച്ചല്ല എന്ന പ്രത്യാശയുടെ സന്ദേശം അവർക്ക് കൊടുക്കുക എന്നത് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യമാണ്. മുതിർന്നവരോട് കാണിക്കുന്ന സ്നേഹവും പരിഗണനയും ആചരണത്തിൽ മാത്രം ഒതുങ്ങാതെ ജീവിതത്തിന്റെ ശീലമാക്കി മാറ്റുവാൻ ഈ വയോജന ദിനാചരണ കാരണമാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന രൂപതാതല പരിപാടികൾ
ഫാമിലി അപ്പോസ്തലേറ്റ് - സെന്റ് ആന്റണീസ് ചർച്ച്, കാമാഷി.
മിഷൻ ലീഗ്/ തിരുബാലസഖ്യം - ഹോളി ഫാമിലി ചർച്ച്, നാലുമുക്ക്.
കെ സി വൈ എം - സെന്റ് മേരീസ് ചർച്ച് പന്നിയാർകുട്ടി
പിതൃവേദി/ മാതൃവേദി - ഇൻഫന്റ് ജീസസ് ചർച്ച്, തൊവരയാർ
കെ സി എസ് എൽ - ആകാശപ്പറവകൾ, നെടുങ്കണ്ടം
എ കെ സി സി - അൽഫോൻസാ ഭവൻ, ഇരട്ടയാർ
മീഡിയാ കമ്മീഷൻ - സെന്റ് മേരീസ് ഫൊറോനാ ചർച്ച്, മുരിക്കാശ്ശേരി
ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി - ഷന്താൾ ഹോം വാഴത്തോപ്പ്
രൂപതയിലെ എല്ലാ ഇടവകകളിലും വിപുലമായ പരിപാടികളോടെ വയോജന ദിനാചരണം നടത്തും.