ഇടുക്കി രൂപതാ നാലാമത് മരിയൻ തീർത്ഥാടനം സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികൾ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയിൽ നിന്നും രാജകുമാരി ദൈവമാതാ തീർത്ഥാടന ദൈവാലയത്തിലേക്ക് കാൽനടയായാണ് തീർത്ഥാടനം നടക്കുന്നത്. തീർത്ഥാടനത്തിന്റെ വിജയത്തിനായുള്ള ആലോചനാ യോഗം രാജാക്കാട് ക്രിസ്തുരാജാ പാരീഷ് ഹാളിൽ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. തീർത്ഥാടനം വിശ്വാസ സമൂഹത്തിന്റെ ആത്മീയ ഊർജമാണ്. സഭയുടെയും സമൂഹത്തിന്റെയും പൊതുവായ ആവശ്യങ്ങൾ തീർത്ഥാടനത്തിന്റെ നിയോഗങ്ങളായി സ്വീകരിച്ച് വിശ്വാസ സമൂഹം ത്യാഗപൂർവ്വം യാത്ര ചെയ്യുമ്പോൾ ദൈവാനുഗ്രഹം സമൃദ്ധമായി ലഭ്യമാകും. ത്യാഗപൂർണ്ണമായ ആത്മീയ അനുഷ്ഠാനങ്ങളാണ് വിശ്വാസത്തിൽ നമ്മെ ആഴപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീർത്ഥാടനത്തിന്റെ ഭാഗമായി അടിമാലി സെന്റ് ജൂഡ് ഫൊറോനാ ദൈവാലയത്തിൽ നിന്നും സെപ്റ്റംബർ 6 വെള്ളിയാഴ്ച വൈകുംന്നേരം മൂന്ന് മണിക്ക് മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ നേതൃത്വത്തിൽ കാൽനടതീർത്ഥാനം ആരംഭിക്കും. അടിമാലി, കൂമ്പൻപാറ, തോക്കുപാറ, ആനച്ചാൽ, കുഞ്ചിത്തണ്ണി, എല്ലക്കൽ വഴിയാണ് തീർത്ഥാടനം രാജാക്കാട് പള്ളിയിൽ എത്തിച്ചേരുന്നത്.
തീർത്ഥാടനത്തിന്റെ ക്രമീകരണത്തിനായി വിവിധ കമ്മറ്റികൾക്ക് രൂപം നൽകി. വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, രാജാക്കാട് ഫൊറോനാ വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റികൾ പ്രവർത്തിക്കുന്നത്. ഫാ.ജെയിംസ് ശൗര്യാംകുഴിയിൽ,ഫാ. ജോർജ് പാട്ടത്തേക്കുഴി, ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ.ജോൺ മുണ്ടയ്ക്കാട്ട്, സി.ആനി പോൾ സി എം സി, സി.ലിറ്റി എസ് എ ബി എസ്, ശ്രീ. ജോർജ് കോയിക്കൽ, ശ്രീ. ജെറിൻ പട്ടാംകുളം, ശ്രീ.സിജോ ഇലന്തൂർ, ബിജു പെരിയപിള്ളിൽ,ആഗസ്തി കരോട്ടേൽ, ജെയ്സൺ ഒറ്റപ്ലാക്കൽ, മനോജ് ഇല്ലിക്കുന്നേൽ, ബിനോയി കൂനമ്മാക്കൽ, ജോണി റാത്തപ്പിള്ളിൽ, ജോസ് ഇടവഴിക്കൽ, ജോസ് കൈമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.