മുല്ലപ്പെരിയാർ: ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ സമരമുഖത്തു സജീവമാകണം;
മാർ ജോൺ നെല്ലിക്കുന്നേൽ
ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ശാശ്വതമായ പരിഹാരമുണ്ടാക്കാൻ വൈകിയാൽ മലയോര ജനത സമരമുഖത്ത് സജീവമാകണമെന്ന് ഇടുക്കി രൂപതാ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു. കേരളത്തിൽ അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ സംബന്ധിച്ചുള്ള യഥാർത്ഥ വസ്തുതകളും കേരളത്തിലെ ജനങ്ങളുടെ അധികാരികളെയും നീതിപീഠങ്ങളെയും യഥാവിധി ബോധ്യപ്പെടുത്തി യുദ്ധകാല അടിസ്ഥാനത്തിൽ ശാശ്വത പരിഹാരമുണ്ടാക്കാനുള്ള ബാധ്യത ഭരണകൂടങ്ങൾ കൊണ്ട് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേരളത്തിലെ ജനങ്ങളുടെ ആശങ്കയും നിസ്സഹായാവസ്ഥയും പരിഗണിച്ച് തമിഴ്നാടിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുവാനും കേരളത്തിന് സുരക്ഷയും തമിഴ്നാടിന് സുഭിക്ഷതയും എന്ന നിലപാട് നടപ്പിലാക്കുവാനും അധികാരികൾ പരിശ്രമിക്കണം. മനുഷ്യനിർമ്മിത ദുരന്തഭൂമിയായി കേരളം മാറാതിരിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി രൂപത കത്തോലിക്കാ കോൺഗ്രസിന്റെ 21ാം വാർഷിക സമ്മേളനം വാഴത്തോപ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ഭൂപ്രശ്നങ്ങളും വന്യജീവി ആക്രമണവും മൂലം ദുരിതത്തിലായ ഇടുക്കി ജില്ലയിലെ കർഷക ജനതയ്ക്ക് വേണ്ടി പ്രഖ്യാപിക്കപ്പെട്ട പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് പ്രൊഫസർ രാജീവ് കൊച്ചു പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മുല്ലപ്പെരിയാർ വിഷയങ്ങളിലും ഭൂപ്രശനങ്ങളിലും ഇടുക്കി നിവാസികൾ നടത്തുന്ന സമര പോരാട്ടങ്ങൾക്ക് സർവ്വവിധ പിന്തുണയും അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡോ. കെ എം ഫ്രാൻസിസ് സന്ദേശം നൽകി.പ്രവർത്തനമാർഗരേഖ ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ പ്രകാശനം ചെയ്തു. ഈ വർഷത്തെ കർമ്മപദ്ധതിയിലുള്പ്പെട്ട സായാഹ്ന സമുദായ സംഗമo ലാവോസ് 2024 എന്ന പേരിൽ അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രഥമ ഗ്ലോബൽ പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു പറയുനിലം സംസ്ഥാന നാടക പുരസ്കാര ജേതാവ് ശ്രീ കെ സ് സി ജോർജ് കട്ടപ്പന ബാല സാഹിത്യകാരി ഇവാന സതീഷ്, മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. അമ്മയോടൊപ്പം എൻഡോമെന്റിന് അർഹയായ ശ്രീമതി ലിസി ബേബി കല്ലുവെചേൽ, കെ സി വൈ എം സംസ്ഥാന സെക്രട്ടറി മരിറ്റാ തോമസ് എസ്എംവൈഎം സംസ്ഥാന ഭാരവാഹികളായി രൂപതയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അലക്സ് തോമസ് അനു മരിയ എന്നിവർക്ക് ആദരവുകൾ അർപ്പിച്ചു.
കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഡയറക്ടർ ഫാ. ജോസഫ് പാലക്കുടിയിൽ മുൻ ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീമതി ലിസ ട്രീസാ സെബാസ്റ്റ്യൻ സെക്രട്ടറി ജോർജ് കുട്ടി പുന്നക്കുഴിയിൽ കെസിവൈഎം രൂപതാ പ്രസിഡണ്ട് ജെറിൻ ജെ പട്ടാങ്കുളം എന്നിവർ പ്രസംഗിച്ചു.