സമർപ്പിതർ സഭയുടെ അഭിവാജ്യ ഘടകം: മാർ ജോൺ നെല്ലിക്കുന്നേൽ
സമർപ്പിതർ സഭയുടെ അഭിവാജ്യ ഘടകമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ആഗോള സമർപ്പിത ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സമർപ്പിത ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമർത്ഥത ജീവിതങ്ങൾ സഭയ്ക്കും സമൂഹത്തിനും നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. ആതുര ശുശ്രൂഷ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സാമൂഹിക ക്ഷേമ പ്രവർത്തന മേഖലയിലും സമർപ്പിതർ നൽകിയ സേവനങ്ങൾ ലോകത്തിന്റെ വിവിധ മേഖലകളിലുള്ള വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഭാരതത്തിലും വിശിഷ്യാ കേരളത്തിലും പൊതുസമൂഹത്തിന്റെ സമഗ്ര വളർചക്കും സഭയുടെ സർവ്വതോന്മുഖമായ പുരോഗതിക്കും സമർപ്പിത സംഭാവനകൾ പ്രശംസനീയമാണന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന 32 വ്യത്യസ്ത സന്യാസിനീ സമൂഹങ്ങളിൽ അംഗങ്ങളായ സമർപ്പിതർ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ സംഗമിച്ചു. രാവിലെ 9.15ന് പാരീഷ് ഹാളിൽ നിന്നും ആരംഭിച്ച പ്രദക്ഷിണത്തോടെയാണ് സമർപ്പിത സംഗമം ആരംഭിച്ചത്. പ്രദക്ഷിണത്തിൽ അൾത്താര ബാലസംഘവും മാലാഖ വേഷധാരികളായ കുട്ടികളും സമർപ്പിതർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികളും അണിനിരന്നു. പ്രദക്ഷിണത്തിന്റെ അവസാനം ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരുന്ന ജൂബിലി കുരിശിന് മുമ്പിൽ തങ്ങളെത്തന്നെ സമർപ്പിക്കുന്നതിന്റെ പ്രത്യേകമായി പുഷ്പങ്ങൾ അർപ്പിച്ചാണ് സമർപ്പിതർ ദേവാലയത്തിലേക്ക് പ്രവേശിച്ചത്. തുടർന്ന് 32 സന്യാസിനി സമൂഹങ്ങളുടെയും പ്രതിനിധികൾ കാഴ്ച സമർപ്പണം നടത്തി. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു. രൂപതാ വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രഹാം പുറയാറ്റ് എന്നിവർ സഹകാർമികരായി. വിശുദ്ധ കുർബാനയ്ക്ക് ശേഷം സമർപ്പിതരുടെ വൃതവാഗ്ദാന നവീകരണവും നടത്തി.
11.30ന് പാരീഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം അഭി. പിതാവ് ഉദ്ഘാടനം ചെയ്തു. അഡ്വ.സി. ജോസിയ എസ്.ഡി മുഖ്യപ്രഭാഷണം നടത്തി. ഉച്ചഭക്ഷണത്തിനുശേഷം നടക്കുന്ന സമ്മേളനത്തിൽ ക്രിസ്തുജയന്തിയുടെ ജൂബിലി ആന്തം റിലീസ് ചെയ്യുകയും സമർപ്പിതർ അത് ആലപിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സി. ജ്യോതിസ് CSN,സി.റെജി പന്തലാനി SABS, സി. മേമ്പിൾ CMC, സി. ലീജSD, സി.ഡോ. ഡെനി SH എന്നിവർക്കും അനാവിം സെന്റർ മുരിക്കാശ്ശേരി, ദൈവദാൻ സെന്റർ എന്നീ സ്ഥാപനങ്ങൾക്കും രൂപതയുടെ സമർപ്പിത അവാർഡുകൾ നൽകി ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. രൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ശ്രീ. ജോർജ് കോയിക്കൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നാലുമണിക്ക് നടക്കുന്ന സമാപന പ്രാർത്ഥനയോടെ പരിപാടികൾ അവസാനിച്ചു. ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ഫാ. മാത്യു അഴകനാക്കുന്നേൽ, ഫാ. ഫിലിപ്പ് ഐക്കര, ഫാ. ജിൻസ് കാരയ്ക്കാട്ട്, സി. പ്രദീപാ സി.എം.സി, സി. ലിറ്റി ഉപ്പുമാക്കൽ എസ്.എ.ബി.എസ്, സി.റോസ്ലിൻ എഫ്.സി.സി, സി. ടെസ്ലിൻ എസ് എച്ച്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി