നെടുംകണ്ടം : കെ സി വൈ എം ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ യുവജന ദിനാഘോഷവും മെഗാ ക്രിസ്മസ് റാലിയും നടത്തപ്പെടുന്നു. 2023 ഡിസംബർ 28 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞു
4 :30 ന് നെടുംകണ്ടത്ത് വച്ചാണ് ഫെസ്റ്റിവ് ഫീയസ്റ്റാ എന്ന പേരിൽ യുവജന ദിനാഘോഷവും മെഗാ ക്രിസ്മസ് റാലിയും സംഘടിപ്പിക്കുന്നത്.ഇടുക്കി രൂപത മെത്രാൻ അഭിവന്ദ്യ മാർ. ജോൺ നെല്ലിക്കുന്നേൽ പിതാവ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു.
യുവജനങ്ങളുടെ വിശ്വാസജീവിതം പരിശീലനവും ആത്മീയ നവോത്ഥാനവും ലക്ഷ്യം വെച്ച് സമഗ്ര വികസനത്തിനും സമ്പൂർണ്ണ വിമോചനത്തിനും കാഹളം മുഴക്കുന്ന മഹത്തായ ഒരു പ്രസ്ഥാനമായ കെ.സി.വൈ.എം. ഓരോ പ്രവർത്തനങ്ങളിലൂടെയും ദൈവസ്നേഹത്തിന്റെ യുവജന സാക്ഷികളായി നവയുഗ സൃഷ്ടിയുടെ ഭാഗവാക്കുകളാവുകയാണ്.
കാലഘട്ടത്തിൻറെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ ക്രൈസ്തവ ധാർമിക മൂല്യങ്ങളെ കൈമുതലാക്കി കർമ്മമണ്ഡലങ്ങൾ വിശാലമാക്കുന്ന ഈ യുവജനപ്രസ്ഥാനം റീത്തുകൾക്ക് അതീതമായി യുവജനങ്ങളെ ഏകോപിപ്പിച്ച് മൂല്യബോധത്തിലും വിശ്വാസ ജീവിതത്തിലും സഭയോട് ചേർത്ത് നിർത്തുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്.
പ്രായഭേദമന്യേ ഇടുക്കി രൂപതയിലെ എല്ലാ ഇടവകകളിലെയും ആളുകളെ ഉൾപ്പെടുത്തിയാണ് പരിപാടി നടത്തപ്പെടുന്നത്. 6 മേഖല കളിൽനിന്നുമായി അയ്യായിരത്തോളം ആളുകൾ അണിനിരക്കുന്ന മെഗാ ക്രിസ്മസ് റാലിയുടെ രജിസ്ട്രേഷൻ കൃത്യം 4:30 ന് കരുണ അനിമേഷൻ സെന്ററിൽ ആരംഭിക്കും.ഇടവകകളിൽ നിന്ന് ഏറ്റവും മികച്ച രീതിയിൽ പങ്കെടുക്കുന്ന ഇടവകകൾക്കും മേഖലകൾക്കും ട്രോഫിയും ക്യാഷ് പ്രൈസും നല്കപ്പെടും. 5 മണിക്ക് കരുണ അനിമേഷൻ സെന്ററിൽ നിന്ന് ആരംഭിക്കുന്ന റാലി 7 മണിയോടെ നെടുംകണ്ടം പള്ളിയോട് ചേർന്നുള്ള സമ്മേളന നഗരിയിൽ എത്തിച്ചേരും. ശേഷം പൊതുസമ്മേളനവും കെ സി വൈ എം യുവജനങ്ങളുടെ കലാവിരുന്നും നടത്തപ്പെടും.