ഇടുക്കി രൂപതാ മെത്രാൻമാർ ജോൺ നെല്ലിക്കുന്നേലിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷം കുടുംബ സംഗമം ആയി. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾ വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. രാവിലെ 10 30 ന് നടന്ന കൃതജ്ഞത ബലിയിൽ മാർ ജോൺ നെല്ലിക്കുന്നതിൽ മുഖ്യകാരമ്മികത്വം വഹിച്ചു. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരായി. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ലളിതമായ അനുമോദന സമ്മേളനത്തിൽ രൂപതയെ പ്രതിനിധീകരിച്ച് ഫാ.ജോസ് ചെമ്മരപള്ളിയിൽ ശ്രീ ഷാജി വൈക്കത്തുപറമ്പിൽ, സി. ആനി പോൾ സിഎംസി എന്നിവർ ആശംസകൾ അർപ്പിച്ചു. രൂപതയിലെ മുഴുവൻ വൈദികരും എല്ലാ സന്യാസ ഭവനങ്ങളുടെ സുപ്പീരിയർമാരും എല്ലാ ഇടവകകളിലെയും കൈക്കാരൻമാരും ജൂബിലി ആഘോഷത്തിൽ സംബന്ധിച്ചു.
1998 ഡിസംബർ 30നാണ് മരിയാപുരം സെൻമേരിസ് പള്ളിയിൽ വച്ച് കോതമംഗലം രൂപതാ അധ്യക്ഷൻ ആയിരുന്ന മർ ജോർജ് പുന്നക്കോട്ടിൽ പിതാവിൽ നിന്നും സഹോദരങ്ങളായ മാർ ജോൺ നെല്ലിക്കുന്നേലും മാർ മാത്യു നെല്ലിക്കുന്നേലും തിരുപ്പട്ടം സ്വീകരിച്ചത്. ജൂബിലി വർഷത്തിൽ സഹോദരങ്ങൾ രണ്ടു പേരും മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെട്ടു എന്നത് വ്യത്യസ്തമായ അനുഭവമാണ്. 2018 ഏപ്രിൽ അഞ്ചിനാണ് മാർ ജോൺ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെ മെത്രാനായി സ്ഥാനമേറ്റത്. മാർ ജോൺ നെല്ലിക്കുന്നേലിന്റെ അർപ്പണബോധവും കഠിനാധ്വാനവും ദീർഘവീക്ഷണവും ഇടുക്കി രൂപതയെ വളർച്ചയുടെ പടവുകളിലേക്ക് ഉയർത്താൻ പര്യാപ്തമാണെന്ന് ആഘോഷവേളയിൽ ഏവരും അനുസ്മരിച്ചു. ഇടുക്കിയിലെ സാമൂഹ്യവും സാംസ്കാരികവുമായ വിഷയങ്ങളിൽ അദ്ദേഹം എടുക്കുന്ന നിലപാടുകൾ പൊതുസമൂഹത്തിന്റെ വളർച്ചയ്ക്ക് ഗുണകരമാണ്.
തന്റെ ദൈവവിളി പ്രോത്സാഹിപ്പിച്ചവരെയും പരിശീലനങ്ങൾ നൽകിയവരെയും മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും നാളിതുവരെ തന്നോടൊപ്പം ജോലി ചെയ്തവരെയുമെല്ലാം മാർ ജോൺ നെല്ലിക്കുന്നേൽ ആഘോഷവേളയിൽ അനുസ്മരിച്ചു. രൂപതാ വികാരി ജനറാൾമാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ, കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് ഇടവകണ്ടം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി