മണിപ്പൂർ: ഭരണാധികാരികൾ കുറ്റകരമായ നിസംഗത വെടിയണം: മാർ ജോൺ നെല്ലിക്കുന്നേൽ
മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിന് ഭരണാധികാരികൾ കുറ്റകരമായ നിസംഗത വെടിയണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. മണിപ്പൂർ കലാപത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രാർത്ഥനായജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപം ആരംഭിച്ചിട്ട് രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടും അത് അമർച്ച ചെയ്യാൻ കഴിയാത്തത് ഭരണകൂടത്തിന്റെ പരാജയമാണ്. ജനത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കാൻ ബാധ്യതപ്പെട്ട സംസ്ഥാന സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ നിശബ്ദമാക്കുന്നത് കലാപം വളരുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂ.
കലാപകാരികളെ ആയുധമണിയിച്ചത് ആരെന്ന് അന്വേഷിക്കുവാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഇനിയും ഈ കലാപം വളരുവാൻ അനുവദിച്ചു കൂടാ. കേന്ദ്ര ഗവൺമെന്റ് പ്രധാനമന്ത്രിയും മൗനം വെടിഞ്ഞ് മണിപ്പൂർ സംസ്ഥാന സർക്കാരിനെ നിയമവാഴ്ചയിലൂടെ നയിക്കുവാൻനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷേലച്ചുകൊണ്ട് ബസ്റ്റാൻഡ് മൈതാനിയിൽ ചേർന്ന ഐക്യദാർഥ്യ സമ്മേളനത്തിൽ രൂപതയുടെ ഇടവകകളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മൂന്നുമണിക്ക് ആരംഭിച്ച ഐക്യദാർഢ്യ സദസ്സ് യുവതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്തു. രൂപതയിലെ ഭക്തസംഘടനകളുടെ പ്രസിഡണ്ട്മാർ ഐക്യദാർഢ്യ സന്ദേശം നൽകി. കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡണ്ട് ശ്രീ ജോർജ് കോയിക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനാധിപത്യത്തിന്റെ സൗന്ദര്യമായ നാനാത്വത്തിൽ ഏകത്വവും ബഹുസ്വരതയും സംരക്ഷിക്കപ്പെടുവാനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങൾ ഉണ്ട് സ്വാതന്ത്ര്യാനന്തര വിഭജന കാലഘട്ടത്തിൽ എന്നതുപോലെ ഭാരതത്തിന്റെ മണ്ണിൽ കലാപം ഉണ്ടാകാതിരിക്കുവാൻ ഗാന്ധിജിയുടെ ആശയങ്ങളും ആദർശങ്ങളും പുനരാവിഷ്കരിക്കപ്പെടണം. കലാപത്തിനിരയായി ജീവഹാനി സംഭവിച്ചവർക്കും സ്വത്തുവകൾ നഷ്ടപ്പെട്ടവർക്കും പലായനം ചെയ്യാൻ നിർബന്ധിതരായവർക്കും ഉചിതമായ നഷ്ടപരിഹാരം നൽകുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തുടർന്ന് നടന്ന പൊതു ജപമാലയപ്പണത്തിൽ നൂറുകണക്കിന് വിശ്വാസികൾ മെഴുകുതിരികൾ കൈകളിലേന്തി പൊതുനിരത്തിൽ മുട്ടിൽനിന്ന് പങ്കെടുത്തത് ശ്രദ്ധേയമായി. ജനത്തിന്റെ ആശങ്കകൾ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിസഭയ്ക്കും അയക്കുന്ന 5 ലക്ഷം പേരുടെ ഒപ്പുകൾ അടങ്ങിയ ഭീമാ ഹർജിയുടെ ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു.
കലാപത്തിന് പിന്നിലെ അന്തർ നാടകങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് കെസിവൈഎം ചുരുളി യൂണിറ്റ് തിരുവുനാടകം അവതരിപ്പിച്ചു. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. മണിപ്പൂരിൽ കലാപത്തിൽ ചിതറിതെറിച്ച രക്തത്തുള്ളികൾ ജനാധിപത്യത്തിനെതിരെ ഉയർന്ന ചോദ്യശരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം വിശുദ്ധ ഫ്രാൻസിസ് അസീസി രചിച്ച പ്രസിദ്ധമായ സമാധാന പ്രാർത്ഥന മണിപ്പൂർ ജനതയ്ക്കായി സമർപ്പിച്ച് യോഗം അവസാനിച്ചു.
ഫാ. ജോസ് ചിറ്റടിയിൽ, ജെറിൻ പട്ടാംകുളം, സണ്ണി കടുകുംമാക്കൽ,മനോജ് ചാക്കോ, ജോർജുകുട്ടി സെബാസ്റ്റ്യൻ, ഷേർളി ജൂഡി, ദിയ മരിയ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഫാ. ജിൻസ് കാരക്കട്ട്,ഷാജി വൈക്കത്തുപറമ്പിൽ,സെസിൽ ജോസ്,സാന്റോച്ചൻ തളിപ്പറമ്പിൽ,ബേബി കൊടകല്ലിൽ, അലക്സ് തോമസ്, സച്ചിൻ സിബി തുടങ്ങിയവർ നേതൃത്വം നൽകി.