വയോജനങ്ങളോടുള്ള കരുതലിന്റെ സന്ദേശം പകർന്ന് ഇടുക്കിയിൽ വയോജന ദിനാചരണം നടത്തി. പ്രായമായവരോട് പുതുതലമുറയുടെ മനോഭാവത്തെ കൂടുതൽ കരുണാദ്രമാക്കാൻ ഈ ദിനാചരണം വഴിയൊരുക്കി. മുതിർന്ന തലമുറയെ വാർദ്ധക്യത്തിൽ ശ്രുശ്രൂഷിക്കേണ്ടത് പുതു തലമുറയുടെ കടമയും ഉത്തരവാദിത്വവുമാണന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. തങ്കമണി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ വയോജനങ്ങളെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ ആരും തനിച്ചല്ല എന്ന പ്രത്യാശയുടെ സന്ദേശം പ്രചരിപ്പിക്കാൻ വയോജന ദിനാചരണത്തിന് കഴിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈശോയുടെ മുത്തശ്ശി മുത്തച്ഛന്മാരും മറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ ജൊവാക്കിം - അന്ന ദമ്പതികളുടെ തിരുനാൾ 2021ൽ ഫ്രാൻസിസ് മാർപാപ്പ ലോക മുത്തശ്ശി മുത്തച്ഛൻമാരുടെയും വയോധികരുടെയും ആഗോളദിനമായി പ്രഖ്യാപിച്ചു. .
"അവിടുത്തെ കാരുണ്യം തലമുറകൾ തോറും" എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം അൻപതാം വാക്യമായിരുന്നു ഈ വർഷത്തെ ആപ്തവാക്യം.
തങ്കമണി സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിക്കുകയും വയോജനങ്ങളെ ആദരിക്കുകയും ചെയ്തു. എല്ലാ ഇടവകകളിലും വിപുലമായ പരിപാടികളോടെ വയോജന ദിനം ആചരിച്ചു. മുതിർന്നവരെ ദൈവാലയത്തിലെത്തിച്ച് കുമ്പസാരിക്കുന്നതിനും കുർബാന സ്വീകരിക്കുന്നതിനും പരസ്പരം സംസാരിക്കുന്നതിനും ക്രമീകരണങ്ങൾ ഒരുക്കി. കുട്ടികളുടെ കലാപരിപാടിളും സ്നേഹവിരുന്നും പരിപാടികൾക്ക് കൊഴുപ്പേകി.പൂച്ചെണ്ടുകളും സമ്മാനങ്ങളും നൽകി വയോജനങ്ങളെ ആദരിച്ചു.