നെടുങ്കണ്ടം പള്ളി കുടിയേറ്റ ജനതയുടെ സ്വപ്ന സാക്ഷാത്ക്കാരം
കഠിനാധ്വാനം കൊണ്ട് നാടിന്റെ വിശപ്പടക്കാൻ പരിശ്രമിച്ചവരാണ് ഇടുക്കിയിലെ കുടിയേറ്റ കർഷകർ എന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. നാട്ടിലെ പട്ടിണി മാറ്റാൻ വേണ്ടിയിട്ടാണ് നാട്ടിൻപുറങ്ങളിൽ നിന്ന് ആളുകളെ ഹൈറേഞ്ചിലേക്ക് കുടിയേറാൻസർക്കാരുകൾ പ്രോത്സാഹിപ്പിച്ചത്. എന്നാൽ സത്യം മറന്ന് പലരും കുടിയേറ്റക്കാരായ കർഷക ജനതയെ പലപ്പോഴും കയ്യേറ്റക്കാരായി ചിത്രീകരിച്ചിട്ടുണ്ട്. എല്ലാത്തരത്തിലും അർപ്പണബോധമുള്ളവരാണ് ഇടുക്കിക്കാർ. വലിയ ത്യാഗവും കഠിനാധ്വാനവും കൊണ്ടാണ് നെടുങ്കണ്ടത്ത് മനോഹരമായ ദേവാലയം സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ പുതിയ ദേവാലയം കൂദാശ ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൈറേഞ്ചിലെ ജനതയുടെ വിശ്വാസത്തിന്റെ ഗോപുരമാണ് നെടുങ്കണ്ടത്ത് ഉയർന്നിരിക്കുന്നത്. വിശ്വാസ സമൂഹത്തിന്റെ സമർപ്പണം ആണ് ഈ ആലയത്തെ കൂടുതൽ മനോഹരമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ദൈവാലയം കൂദാശ ചെയ്ത് സമർപ്പിച്ചതിനെ തുടർന്ന് നെടുങ്കണ്ടം ഇടവകയെ മേജർ ആർക്കി എപിസ്കോപ്പിൽ തീർത്ഥാടന ദേവാലയമായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. മേജർ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടതിനു ശേഷം ആദ്യമായി രൂപതയിലെത്തിയ പിതാവിന് രൂപതാ തലത്തിൽ ഔദ്യോഗിക സ്വീകരണവും നൽകി. രാവിലെ 9 മണിക്ക് കല്ലാറിൽ നിന്ന് വാഹന റാലിയുടെ അകമ്പടിയോടെ മേജർ അർച്ച് ബിഷപ്പിനെ സ്വീകരിച്ചാനയിച്ചു. 9 30ന് പള്ളിയങ്കണത്തിൽ എത്തിയ അദ്ദേഹത്തെ രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ സ്വീകരിച്ചു. തുടർന്ന് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആരംഭിച്ച പ്രദക്ഷിണത്തിൽ 150 വൈദികർ പങ്കെടുത്തു. തിരുകർമ്മങ്ങളിൽ സീറോ മലബാർ സഭയുടെ കൂരിയാമെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വികാരി ജനറാൾ മാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ എന്നിവർ സഹകാർമികരായിരുന്നു. വിവിധ സന്യാസിനിയെ സമൂഹ സമർപ്പിതർ വിവിധ ഇടവകകളിൽ നിന്നുള്ള കൈകാരന്മാർ ഭക്തസംഘടനകളുടെ ഭാരവാഹികൾ രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ അടക്കം 15,000 ത്തോളം ആളുകൾ തിരുകർമ്മങ്ങളിൽ പങ്കാളികളായി. വിശുദ്ധ കുർബാനയെ തുടർന്ന് ഇടവകയെ മേജർ ആർക്കി എപിസ്കോപ്പിൽ തീർത്ഥാടന ദേവാലയമായി പ്രഖ്യാപിച്ചു കൊണ്ടുള്ള കൽപ്പന സീറോ മലബാർ സഭയുടെ ചാൻസലർ റവ. ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു. പ്രഖ്യാപനത്തെ തുടർന്ന് ഇടവക വികാരി ആർച്ച് പ്രീസ്റ്റ് എന്ന് അറിയപ്പെടും. അതിന്റെ രേഖകൾ മാർ റാഫേൽ തട്ടിൽ ഇടവക വികാരി ഫാ. ജെയിംസ് ശൗര്യംകുഴിക്ക് കൈമാറി.
ആദ്യമായി രൂപതയിലെത്തിയ മേജർ ആർച്ച് ബിഷപ്പിനെ ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, ശ്രീ എം എം മണി എംഎൽഎ, മുൻ എം പി ശ്രീ ജോയിസ് ജോർജ്, വിവിധ സന്യാസ സമൂഹങ്ങളിലെ സുപ്പീരിയേഴ്സ്, രൂപതയിലെ ഭക്ത സംഘടനകളുടെ പ്രസിഡന്റ്മാർ എന്നിവർ പൂച്ചെണ്ടു നൽകി ആദരിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ രൂപതയിലെ വൈദികർ, സമർപ്പിതർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, കൈക്കാരൻമാര്, ഭക്ത സംഘടനകളുടെ ഭാരവാഹികൾ എന്നിവരുമായും മേജർ ആർച്ച് ബിഷപ്പ് സംവദിച്ചു. നാളെ മുതൽ ആരംഭിക്കുന്ന ഇടവക തിരുനാൾ 28ന് സമാപിക്കും.
മാർ മാത്യു ആനുകൂഴിക്കാട്ടിൽ സ്മരണയിൽ ദേവാലയ കൂദാശ
ഇടുക്കി രൂപതയുടെ പ്രഥമ മെ ത്രാൻ മാർ മാത്യു ആനക്കുഴിക്കാട്ടിൽ പിതാവിന്റെ സ്മരണയിൽ ആയിരുന്നു നെടുങ്കണ്ടം ദേവാലയ കൂദാശയും മേജർ ആർക്കി എപിസ്കോപ്പിൽ തീർത്ഥാടന ദേവാലയ പ്രഖ്യാപനവും. കൂദാശ മദ്ധ്യേ സന്ദേശം നൽകിയ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആനിക്കുഴിക്കാട്ടിൽ പിതാവിനെ അനുസ്മരിച്ചു. കുടിയേറ്റ ജനതയുടെ ശബ്ദമായിരുന്നു അദ്ദേഹം. കാർഷിക പ്രശ്നങ്ങളിൽ അദ്ദേഹം എന്നും ജനങ്ങൾക്കൊപ്പമായിരുന്നു. ഇടുക്കി രൂപതയെ പടുത്തുയർത്താൻ അദ്ദേഹം നടത്തിയ സേവനങ്ങൾ വലുതാണന്ന് അദ്ദേഹം അനുസ്മരിച്ചു.