ക്രിസ്തീയ സംസ്കാരം രൂപീകരിച്ചെടുക്കുന്നതിൽ ചെറുപുഷ്പ മിഷൻ ലീഗ് വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ചെറുപുഷ്പ മിഷൻ ലീഗിന്റെ ഇടുക്കി രൂപതാ വാർഷികം രാജാക്കാട് ക്രിസ്തുരാജ പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിത്വ രൂപീകരണത്തിലും ദൈവവിളി പ്രോത്സാഹനത്തിലും വലിയ സംഭാവനകൾ നൽകി മിഷൻ ലീഗ് സഭയെയും സമൂഹത്തെയും ഒരുപോലെ വളർത്തുന്നതിൽ പരിശ്രമിച്ചിട്ടുണ്ട്. നല്ല വ്യക്തിത്വങ്ങളുടെ രൂപീകരണമാണ് കുടുംബങ്ങളെയും സമൂഹത്തെയും പടുത്തുയർത്തുന്നത്. കുട്ടികളെയും യുവജനങ്ങളെയും അത്തരത്തിൽ കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായി വളർത്തുന്നതിൽ എല്ലാവരും ഒന്ന് ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചെറുപുഷ്പ മിഷൻലീഗ് ഇടുക്കി രൂപതാ പ്രസിഡന്റ് ശ്രീ.സെസിൽ ജോസ് അധ്യക്ഷത വഹിച്ചു. 2023-24 പ്രവർത്തന വർഷ ഡിജിറ്റൽ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു.കഴിഞ്ഞ പ്രവർത്തനവർഷത്തെ പഠനവിഷയം അടിസ്ഥാനമാക്കി നടത്തിയ കൈയ്യെഴുത്ത് മാസിക മത്സര വിജയികളെ വികാരി ജനറാൾ മോൺ.ജോസ് പ്ലാച്ചിക്കലും ഈ പ്രവർത്തന വർഷം നടത്തിയ ലോഗോ മത്സര വിജയികളെ മോൺ. അബ്രഹാം പുറയാറ്റും പ്രഖ്യാപിച്ചു.കഴിഞ്ഞ പ്രവർത്തനവർഷത്തിലെ മികച്ച ശാഖകളെയും മേഖലകളെയും അവാർഡുകൾ നൽകി ആദരിച്ചു.
രാജാക്കാട് ഫൊറോനപ്പള്ളി വികാരി റവ.ഫാ. മാത്യു കരോട്ട് കൊച്ചറയ്ക്കൽ,ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഡയറക്ടർ റവ.ഫാ. ഫിലിപ്പ് ഐക്കര, അസി. ഡയറക്ടർ റവ.ഫാ. അമൽ താണോലിൽ,വൈസ് ഡയറക്ടർ റവ.സി. സ്റ്റാർലെറ്റ് സി എം സി, ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു, ഓർഗനൈസർ ജെയിംസ് തോമസ്, വൈസ് പ്രസിഡന്റ് ആൻമരിയ ജോർജ്, ജോയിന്റ് സെക്രട്ടറി അയോണ ജോഷി , രൂപതാ മേഖലാ സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, മാതൃവേദി രൂപത പ്രസിഡന്റ് ഷേർലി ജൂഡി, കെ സി വൈ എം രൂപത പ്രസിഡന്റ് ജെറിൻ ജെ. പട്ടാംകുളം, റവ. സി. മേബിൾ സി എം സി, റവ.സി. അനിറ്റ് എസ് എ ബി എസ്, എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വാർഷിക സമ്മേളനത്തിൽ വൈദികരും സന്യസ്തരും അടക്കം നൂറുകണക്കിന് മിഷൻ ലീഗ് അംഗങ്ങളാണ് വിവിധ ശാഖകളിൽ നിന്നായി പങ്കെടുത്തത്.