ആഗോളതലത്തിൽ സഭകളെ സഹായിക്കുന്ന ACN International സംഘടന ഒരു ദശലക്ഷം കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ജപമാലയിൽ ഇടുക്കി രൂപതയിൽ നിന്നും ഈ വർഷം 24000 കുട്ടികൾ പങ്കുചേർന്നു. ഒക്ടോബർ മാസം ജപമാല ഭക്തിക്കായി പ്രത്യേകം പ്രതിഷ്ഠിതമായിരിക്കുന്ന പശ്ചാത്തലത്തിൽ ഒക്ടോബർ 18-ാം തീയതി, ദൈവമാതാവായ പരിശുദ്ധ അമ്മയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വി. ലൂക്കാ സുവിശേഷകന്റെ തിരുനാൾ ദിനം ആഗോളതലത്തിൽ ACN International എന്ന പൊന്തിഫിക്കൽ സംഘടനയുടെ നേതൃത്വത്തിൽ ഒരു ദശലക്ഷം കുഞ്ഞുങ്ങൾ ഒന്നിച്ച് ജപമാല ചൊല്ലി പ്രാർത്ഥിക്കാറുണ്ട്. കഴിഞ്ഞ നാലുവർഷങ്ങളായി ഇടുക്കി രൂപതയിലെ കുഞ്ഞുങ്ങളും വിശ്വാസസമൂഹവും ഈ പ്രാർത്ഥനായജ്ഞത്തിൽ സജീവമായി പങ്കെടുക്കുന്നു.
ലോകസമാധാനവും എക്യവും ലക്ഷ്യമാക്കി എല്ലാ വർഷവും ഒക്ടോബർ 18 നാണ് ജപമാല പ്രാർത്ഥനയ്ക്കായി ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങൾ പങ്കുചേരുന്നത്. രോഗത്താൽ വലയുന്നവരെയും, യുദ്ധത്തിന്റെ തിക്തഫലം അനുഭവിക്കുന്നവരെയും, വിശ്വാസത്തിനു വേണ്ടി പീഢകൾ സഹിക്കുന്നവരെയും കുഞ്ഞുങ്ങൾ ജപമാല പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിച്ചു. കൂടാതെ കേരള സഭാ നവീകരണ യജ്ഞത്തെയും റോമിൽ നടക്കുന്ന സിനഡിനെയും മാതാവിന്റെ തിരുക്കരങ്ങളിൽ സമർപ്പിച്ചു.
രൂപതയിലെ കെസിഎസ്എൽ സംഘടനയുടെ നേതൃത്വത്തിലാണ് ജപമാല പ്രാർത്ഥന നടത്തിയത്. സ്കൂളുകളിൽ കെ സി എസ് എൽ അംഗങ്ങൾ ഒന്നുചേർന്ന ജപമാല ചൊല്ലി പ്രാർത്ഥിച്ചു. പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മാലാഖമാരുടെയും വേഷധാരികളായി എത്തിയ കുട്ടികളെ അണിനിരത്തി ഭക്തി നിർഭരമായ ജപമാല റാലിയും നടത്തപ്പെട്ടു. വൈദികരും സിസ്റ്റേഴ്സും കെസിഎസ്എൽ ആനിമേറ്റേഴ്സും സ്കൂളുകളിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
പാറത്തോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ കെസിഎസ് എൽ രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ജപമാല റാലിക്ക് രൂപതാ ഡയറക്ടർ ഫാ. അമൽ മണിമലക്കിന്നേൽ നേതൃത്വം നൽകി. ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ. തോമസ് മടിക്കാങ്കൽ എന്നിവർ പങ്കെടുത്തു. ശ്രീ മനോജ് ചാക്കോ, ശ്രീമതി. ജോസിയ മോൾ ജോസ് ,ശ്രീ അരുൺ ആന്റണി, സി.സ്റ്റെല്ല SH, ശ്രീ എബി കൂട്ടുങ്കൽ എന്നിവർ വിവിധ സ്കൂളുകളിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.