കേരളം ഉണരുന്നതും ഉറങ്ങുന്നതും വന്യമൃഗങ്ങൾ നിഷ്ഠൂരമായി ആളുകളെ കൊല ചെയ്യുന്ന വാർത്ത കേട്ടുകൊണ്ടാണ്. നൂറുകണക്കിന് മനുഷ്യജീവനുകൾ ഇതിനോടകം വന്യമൃഗ ശല്യത്തിൽ കൊലചെയ്യപ്പെട്ടു. ഒട്ടനവധി ആളുകൾക്ക് പരിക്കുകൾ ഏറ്റു. ധാരാളം കുടുംബങ്ങൾ അനാഥമാക്കപ്പെട്ടു.
കപട പരിസ്ഥിതി വാദം വെടിഞ്ഞ് മനുഷ്യന്റെ പക്ഷം ചേർന്ന് നാട് ഭരിക്കുന്ന ഭരണകൂടം ഉണ്ടാകണം. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ആളുകൾ കൊല്ലപ്പെട്ടത് വനഭൂമിയിൽ കയറിയതിന്റെ ഫലമായല്ല. തങ്ങളുടെ കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന വരാണ് വന്യമൃഗങ്ങളുടെ ക്രൂരതയ്ക്ക് ഇരയായത്. നാട്ടിൽ ബഹുഭൂരിപക്ഷം ആളുകളും ഇന്ന് ഭയത്തിലാണ് കഴിയുന്നത്. മരണപ്പെടുന്ന ആളുകൾക്ക് 10 ലക്ഷം രൂപ നൽകി കൈകഴുകുന്ന രീതിയാണ് ഇപ്പോൾ ഭരണകൂടം കാണിക്കുന്നത്. പരിക്കുപറ്റിയവർക്ക് സഹായം ചെയ്യുന്നതിൽ വലിയ വിമുഖതയും കാണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കേരളത്തിലെ പൊലിഞ്ഞത് 12 ജീവനുകളാണ്. അപകടങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ പറയുന്നത്, ജനമാസമേഖലയിൽ വന്യ മൃഗങ്ങളുടെ സാന്നിധ്യം കണ്ട വിവരം വനപാലകരെ അറിയിച്ചിരുന്നതാണ് എന്നാണ്. അങ്ങനെയെങ്കിൽ അപകടം ഉണ്ടാകാതിരിക്കുന്നതിന് വനപാലകരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല എന്നാണർത്ഥം. വന്യമൃഗങ്ങൾ ആളുകളെ കൊല ചെയ്യാനുള്ള വഴികൾ വനപാലകർ ക്രമീകരിച്ചു എന്ന് വേണം വ്യാഖ്യാനിക്കാൻ.
1972ലെ നിയമത്തിന്റെ കുരുക്ക് പറഞ്ഞ് ഭരണകൂടത്തിലുള്ളവർ തലയൂരാൻ ശ്രമിക്കുകയാണ്. ഇനിയും അത്തരത്തിലുള്ള കപട ന്യായീകരണം വില പോകില്ല. ആ നിയമമാണ് പ്രശ്നമെങ്കിൽ അതിനു പരിഹാരം കണ്ടെത്തേണ്ടത് ജനപ്രതിനിധികളുടെയും ഭരണകൂടത്തിന്റെയും ചുമതലയാണ്. കുടിയേറ്റ കാലത്തെ അതിശയിപ്പിക്കുന്ന തരത്തിലുള്ള വന്യമൃഗ ശല്യമാണ് ഇപ്പോൾ ഉള്ളത്. ഇങ്ങനെ മൃഗങ്ങൾ തെരുവിലിറങ്ങാനുള്ള കാരണമെന്തെന്ന് ഗൗരവത്തോടെ അന്വേഷിക്കണം. വനത്തിലുള്ള മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ജലവും ലഭ്യമാകുന്നില്ല എന്നതാണ് കാരണമെങ്കിൽ അതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ഭരണകൂടം തയ്യാറാകണം. വനത്തിൽ മൃഗങ്ങളുടെ വർധിച്ചതാണ് കാരണമെങ്കിൽ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ളസംവിധാനവും ക്രമീകരിക്കണം. അക്രമകാരികളായ മൃഗങ്ങളെ കൊല ചെയ്യുന്നതിനുള്ള നിയമസംവിധാനം രൂപപ്പെടുത്തണം. ഇടുക്കിയിൽ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ പൊലിഞ്ഞത് 5 ജീവനുകളാണ്.അഞ്ചു കുടുംബങ്ങളുടെ അത്താണികളാണ് നഷ്ടപ്പെട്ടുപോയത്.ആ കുടുംബങ്ങളുടെ ദുഃഖം സമാനതകളില്ലാത്തതാണ്. ഇനിയും ഒരാളുടെ പോലും ജീവൻ നാട്ടിൽ നഷ്ടപ്പെടാൻ ഇടയാവരുത്. അതിന് ഭരണകൂടം ക്രിയാത്മകമായി ഉണർന്നു പ്രവർത്തിക്കണം. അതിനു സാധിക്കാതെ വന്നാൽ സാധാരണക്കാരായ ആളുകളുടെ പക്ഷം ചേർന്ന് ഇടുക്കിയിലെ ഒരു പൊതു സംവിധാനം എന്ന നിലയിൽ രൂപതാ സമരമുഖത്ത് സജീവമാകും.
അതിന്റെ ഭാഗമായി വന്യമൃഗാക്രമണങ്ങളിൽ മരിച്ചവരോടും പരിക്കുകൾ ഏറ്റവരോടും എെക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും നാളെ എസ്റ്റേറ്റ് പൂപ്പാറയിൽ നിന്നും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ബഹുജന റാലിയും പൂപ്പാറ ടൗണിൽ പ്രതിഷേധ സമ്മേളന വുംനടത്തുന്നു. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലികുന്നേൽ റാലി നയിച്ച് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ,ജോർജ് കോയിക്കൽ, ജെറിൻ പട്ടാംകുളം, സിജൊ ഇലന്തൂർ തുടങ്ങിയവർ പ്രസംഗിക്കും.